----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
1971 ലെ മലയാള ലിപി പരിഷ്ക്കരണത്തിലെ കാതലായ ലക്ഷ്യം
i) ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകള്‍ വ്യഞ്ജനങ്ങളില്‍ നിന്നും വിടുവിക്കുക
ii) പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഉപയോഗിച്ചു് പിരിച്ചെഴുതുക
സത്തു് :
"മലയാളഭാഷയുടെ ലിപിസമ്പ്രദായ സങ്കീര്‍ണ്ണമായ ഒന്നാണു്. വ്യഞ്ജനങ്ങളോടു സ്വരങ്ങള്‍ ചേര്‍ക്കുമ്പോഴും കൂട്ടക്ഷരങ്ങള്‍ സൃഷ്ടിക്കുമ്പോഴും മറ്റും പ്രത്യേക ലിപികള്‍ സൃഷ്ടിച്ചതാണു് ഈ സങ്കീര്‍ണ്ണതയ്ക്കു് കാരണം. മലയാള ലിപികളുടെ എണ്ണം ഇക്കാരണത്താല്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. എല്ലാം കൈ കൊണ്ടു് എഴുതിവന്ന കാലത്തു് ഈ സങ്കീര്‍ണ്ണത കൊണ്ടുള്ള പ്രയാസം അത്രത്തോളം അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ അച്ചടിയന്ത്രത്തിന്റെയും ടൈപ്പു് റൈറ്ററിന്റെയും ആവിര്‍ഭാവത്തോടെ ഈ ലിപിസമ്പ്രദായം കൊണ്ടുള്ള വിഷമതകള്‍ കൂടുതലായി അനുഭവപ്പെട്ടു. മലയാളത്തിനു് ഇന്നും വെടിപ്പായി ടൈപ്പു് ചെയ്യാന്‍ ഉതകുന്ന ഒരു കീബോര്‍ഡു് രൂപപ്പെടുത്താനായിട്ടില്ലെങ്കില്‍ അതിന്റെ മുഖ്യകാരണം ലിപിസമ്പ്രദായത്തിലെ ഈ സങ്കീര്‍ണ്ണത തന്നെയാണു് "
ലിപി പരിഷ്ക്കരണ സംരംഭങ്ങള്‍
"മലായളം ലിപി പരിഷ്ക്കരണത്തിനുള്ള യത്നങ്ങള്‍ അങ്ങിങ്ങു് ആരംഭിച്ചിട്ടു് കുറേക്കാലമായി. സ്വന്തമായി ഇതിലേക്കു് ഉത്സാഹിക്കുകയും പരീക്ഷണങ്ങളും പ്രയത്നങ്ങളും നടത്തുകയും ചെയ്ത പത്രങ്ങള്‍ക്കും ടൈപ്പു് നിര്‍മ്മാതാക്കള്‍ക്കും സ്വാഭാവികമായും ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞില്ല ഗവണ്മെന്റു് മുന്‍കൈ എടുത്തു നടപ്പാക്കാത്ത പരിഷ്ക്കാരങ്ങള്‍ക്കു് സാര്‍വ്വത്രികമായ അംഗീകാരം നേടാന്‍ വിഷമമുണ്ടു് 1967 അവസാനത്തു് സംസ്ഥാന ഗവണ്മെന്റു് ലിപിപരിഷ്ക്കാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതു്. ഇവയുടെ പ്രാരംഭം എന്ന നിലയില്‍ ലിപിപരിഷ്ക്കരണവിഷയത്തില് താല്പര്യവും അതിനാവശ്യമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിവും ഉള്ള ഏതാനം പ്രമുഖ ഉദ്യോഗാനുദ്യോഗസ്ഥന്മാരുടെ ഒരു സമ്മേളനം ചേര്‍ന്നു. പത്രാധിപന്മാര്ക്കും ടൈപ്പു്റൈറ്റിംഗു് അച്ചടി തുടങ്ങിയ രംഗങ്ങളിലെ വിദഗ്ദ്ധന്മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും മറ്റും പങ്കെടുത്ത പ്രസ്തുത യോഗത്തില്‍ വച്ചു് ലിപി പരിഷ്ക്കരണം സംബന്ധിച്ചു് ഒരു പദ്ധതി തയ്യാറാക്കി ഗമണ്മെന്റിലേക്കു് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നു് തീരുമാനിച്ചു. അധികം താമസിയാതെ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
സംസ്ഥാനത്തു് മലയാളം ഭരണഭാഷയും ഉന്നതവിദ്യാഭ്യാസത്തിനുള്ള മാധ്യമവും ആയിക്കൊണ്ടിരിക്കുന്നതിനാല്‍ ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായമാംവിധം ലിപികള്‍ പരിഷ്ക്കരിക്കണമെന്നായിരുന്നു തീരുമാനിക്കപ്പെട്ടതു്. മലയാളം അച്ചടിയും മലയാളം ടൈപ്പു്റൈറ്റിംഗും സമ്പ്രദായള് ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രത്യേകം പരിഗണിക്കപ്പെട്ടു. എന്നാല്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഭാഷാലിപിയില്‍ പൊടുന്നനെ സമൂലമായ മാറ്റം വരുത്തുക ജനങ്ങള്‍ക്കു് പ്രയാസം സൃഷ്ടിക്കുമെന്ന വസ്തുത കണക്കിലെടുത്തുകൊണ്ടു് കഴിയുന്നത്ര കൂടുതല്‍ പ്രയോജനം സിദ്ധിക്കുന്ന ലഘുവായ ഭേദഗതികള്‍ മാത്രമേ വരുത്തേണ്ടതുള്ളു എന്ന അഭിപ്രായമാണു് ഗവണ്മെന്റു് പ്രകടിപ്പിച്ചതു്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമായ ചര്‍ച്ചകളും പഠനങ്ങളും നടത്തിയശേഷം ലിപിപരിഷ്ക്കരണ കമ്മിറ്റി ഗവണ്മെന്റിലേക്കു് യഥാകാലം റിപ്പോര്‍ട്ടു് സമര്‍പ്പിക്കുകയുണ്ടായി. ഗവണ്മെന്റു് കമ്മറ്റിയുടെ ശുപാര്‍ശകള്‍ പൊതുവില്‍ സ്വീകരിക്കുകയും അതനുസരിച്ചു് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
ഇപ്പോള്‍ മലയാളത്തില്‍ അഞ്ഞൂറിലധികം ലിപികള്‍ നിലവിലുണ്ടു്. ഇന്നത്തെ രീതിയ്ക്കു ഭാഷ കൈകാര്യം ചെയ്യുന്നതിനു് അത്രയും ലിപികള്‍ ആവശ്യവുമാണു്. ലീപികളുടെ ഈ ആധിക്യം അച്ചടിയിലും ടൈപ്പു്റൈറ്റിംഗിലും നിരവധ വിഷമതകള്‍ സൃഷ്ടിക്കുന്നുണ്ടു്. അതിനാല്‍ ലിപികളുടെ എണ്ണം പ്രായാഗികമാംവിധം എത്രത്തോളം കുറയ്ക്കാം എന്നതായിരുന്നു കമ്മിറ്റിയുടെ മുഖ്യ ചിന്താവിഷയം. പുതിയ ലിപികള്‍ ആവിഷ്ക്കരിച്ചു് നടപ്പില്‍ വരുത്തുക ദുഷ്ക്കരമായതിനാല്‍ നിലവിലുള്ള ലിപി സമ്പ്രദായം തന്നെ പരിഷ്ക്കരിച്ചു് ലഘൂകരിക്കാനാണു് കമ്മിറ്രി നിര്‍ദ്ദേശിച്ചിരിക്കുന്നതു്. വ്യഞ്ജനങ്ങളോടു് സ്വരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങളുടേയും കൂട്ടക്ഷരങ്ങളുടേയും എണ്ണം കുറയ്ക്കുകയായിരുന്നു ഇതിലേക്കുള്ള പ്രായോഗിക മാര്‍ഗ്ഗം.
ലിപി പരിഷ്ക്കരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍
1. ഉ, ഊ, ഋ എന്നീ സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേരുമ്പോള്‍ പ്രത്യേക ലിപികള്‍ തന്നെ രൂപമെടുക്കുന്ന ഇന്നത്തെ രീതിക്കു പകരം അവയ്ക്കു് പ്രത്യേക ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തുക. അ, ആ, ഇ, ഈ, എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങള്‍ക്കു് ഏതു വ്യഞ്ജനത്തോടും ചേര്‍ക്കാവുന്ന പ്രത്യേക ചിഹ്നങ്ങള്‍ ഉണ്ടെന്ന വസ്തുത ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ടു്. ഉ, ഊ, ഋ എന്നീ സ്വരങ്ങളുടെ കാര്യത്തിലും ആ സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ ഒട്ടധികം ലിപികള്‍ കുറയ്ക്കാന്‍ കഴിയും. ഇതിലേക്കു് ഉ എന്നതിനു് ു എന്ന ചിഹ്നവും ഊ വിനു് ൂ എന്ന ചിഹ്നവും ആണു് നിര്ദ്ദേശിക്കപ്പെട്ടിരിക്കുന്നതു്. ഋകാരത്തിനു് ഇപ്പോള്‍ വ്യഞ്ജനത്തോടു ചേര്‍ന്നു വരുന്ന ചിഹ്നം തന്നെ വേര്‍പെടുത്തി കുറച്ചു് വ്യത്യസ്തതയോടെ ൃ എന്ന ചിഹ്നമാക്കിയാല്‍ മതിയാവും.
2. മുമ്പില്‍ രേഫം (ര്‍) ചേരുന്ന കൂട്ടക്ഷരങ്ങള്‍ ഇപ്പോള്‍ രണ്ടു തരത്തില്‍ എഴുതാറുണ്ടു്. ഉദാഃ അര്‍ക്കന്‍, പാര്‍ത്തലം, നേര്‍ച്ച. ഇതില്‍ ആദ്യത്തെ രീതി ( '.' ചിഹ്നം അക്ഷരത്തിനു മുകളില്‍ ഇടുന്ന രീതി ) ഉപേക്ഷിക്കാവുന്നതാണു്. അതിനു പകരം എല്ലായിടത്തും ര്‍ എന്ന ചില്ലു് മുന്പില് എഴുതുക എന്നു വ്യവസ്ഥ ചെയ്താല്‍ മതിയാകും.
3. ഭാഷയിലെ കൂട്ടക്ഷരങ്ങളില്‍ ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നിവ തനി മലയാള പദങ്ങളില്‍ സാര്‍വ്വത്രികമായി വരുന്നതാണു. ഇവ ഇപ്പോഴത്തെപ്പോലെ നില നിര്ത്താമെന്നു് കമ്മിറ്റി ശൂപാര്‍ശ ചെയ്തിരിക്കുന്നു. മറ്റുള്ള കൂട്ടക്ഷരങ്ങള്‍ ഏറിയ പങ്കും സംസ്കൃതത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ളവായാണു്. അവയെ ചന്ദ്രക്കലയിട്ടു് വേര്‍തിരിച്ചും അല്ലാതെ ഒന്നിച്ചു ചേര്‍ത്തും എഴുതുന്ന രീതികള്‍ ഇപ്പോള്‍ നിലവിലുണ്ടു്. ഉദാഃ ക്ത, ശ്ച. ഇവയില്‍ ചന്ദ്രക്കലയിട്ടു് വേര്തിരിച്ചെഴുതുന്ന രീതി മാത്രം നിലനിര്‍ത്തു എന്നാണു് കമ്മിറ്റിയുടെ ശുപാര്‍ശ.
4. യ്, ര്‍, ല്‍, വ് എന്നീ മധ്യമങ്ങള്‍ ചേര്‍ന്നു വരുന്ന കൂട്ടക്ഷരങ്ങള്‍ ഇപ്പോള്‍ പലപ്രകാരത്തില്‍ എഴുതുന്നുണ്ടു്. യ്, വ് എന്നിവ ചേരുമ്പോള്‍ പ്രത്യേക ചിഹ്നങ്ങള്‍ കൊടുത്തു് വേര്തിരിച്ചെഴുതുകയാണു് പതിവു്. ക്യ, ത്യ, ക്വ, ത്വ, എന്നിങ്ങനെ. ര്‍ അധവാ റ് എന്ന വ്യഞ്ജനം ചേരുന്ന കൂട്ടക്ഷരത്തില്‍ ഉദാഃ പ്ര, ക്ര, ത്ര എന്നിവയ്ക്കു് അതു് വേര്‍തിരിച്ചു് വ്യഞ്ജനത്തിനു് തൊട്ടു് മുമ്പായി ഉപയോഗിക്കാം. ല്‍ അഥവാ ള്‍ ചേരുന്നിടത്തു് ചന്ദ്രക്കലയിട്ടു് വേര്‍തിരിച്ചോ ഇപ്പോഴത്തെ പോലം പ്രത്യേക അക്ഷരമായോ ക്ല പ്ല എന്നിങ്ങനെ എഴുതാമെന്നാണു് കമ്മിറ്റിയുടെ ശുപാര്‍ശ.
ചില്ലുകള്‍ ണ് ന് ര്‍ ല്‍ ള്‍ എന്നിവ ഇപ്പോഴത്തെ പോലെ നിലനിര്‍ത്താമെന്നു് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. എഴുതുന്നതിനു് ഇപ്പോഴത്തെ ലിപിസമ്പ്രദായം തന്നെ തുടര്‍ന്നുകൊണ്ടു് ടൈപ്പു്റൈറ്റിംഗിലും അച്ചടിയിലും പുതി സമ്പ്രദായം സീകരിച്ചാല്‍ മതിയാകുമെന്നു കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടു്.
................................................
വാല്‍ക്കഷ്ണം
മലയാള അക്ഷരങ്ങളുടെ എണ്ണം വെട്ടിച്ചുരിക്കിക്കൊണ്ടു് 1971 ലെ സര്‍ക്കാര്‍ ഉത്തരവു് അന്നത്തെ സര്‍ക്കാര്‍ ആഫിസിലെ റ്റൈപ്പിംഗിനു വേണ്ടി മാത്രമായിരുന്നു. അങ്ങനെ മലയാളം ലിപി പുതിയതും പഴയതും എന്നു് തരം തിരിക്കപ്പെട്ടു. അതു് കൊണ്ടു് പ്രയോജനം ഉണ്ടായതു് റ്റൈപ്പു്റൈറ്റിംഗു് യന്ത്രം ഉണ്ടാക്കുന്നവര്‍ക്കും അതു് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ആപ്പീസു് നവീകരിക്കുന്നവര്‍ക്കും. നഷ്ടം വന്നതു് 1971 നു ശേഷം സ്ക്കൂളില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട അടുത്ത തലമുറയിലെ കുട്ടികള്‍ക്കും. പത്രങ്ങളുടെയും മാസികകളുടെയും പരസ്യപ്പലകകളുടെയും അച്ചടിക്കു് പുതിയ ലിപി ഉപയോഗിക്കരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. പുതിയ ലിപി ആകുമ്പോള്‍ അച്ചുകളുടെ എണ്ണം കുറച്ചു് മതി എന്നതിനാല്‍ അച്ചു് നിര്‍മ്മാണശാലകള്‍ വന്‍ ലാഭം കൊയ്തു. അവ നിരത്തുന്ന ജോലി എളുപ്പമായി എന്നതിനാല്‍ അച്ചടിശാലകളില്‍ ജോലി എളുപ്പമായിത്തീര്‍ന്നു. പുതിയ ലിപി ഉപയോഗിച്ചു് അച്ചടിച്ചു വന്ന പലതും വായിക്കുന്ന കുട്ടികള്‍ സ്ക്കൂളില്‍ ചെല്ലുമ്പോള്‍ എഴുതാന്‍ പഴയ ലിപിയും വായിക്കാന്‍ പുതിയ ലിപിയും ആയപ്പോള്‍ ആകെമൊത്തം പ്രശ്നമായി. ലിപികള്‍ തമ്മിലുള്ള അന്തരം അദ്ധ്യാപകര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കിയതോടു കൂടി കേട്ടെഴുത്തു് എന്ന സമ്പ്രദായം നിലച്ചു. കുട്ടികള്‍ ഓരോരുത്തരും അവരവരുടെ രീതിയ്ക്കു് എഴുതുവാന്‍ തുടങ്ങി. ആദ്യമൊക്കെ അദ്ധ്യാപകര്‍ തിരുത്താന്‍ ശ്രമിച്ചെങ്കിലും പാഠ്യപുസ്തകങ്ങളുടെ അച്ചടിയിലും പുതിയ ലിപി കയറിക്കൂടിയതോടു കൂടി അവര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരായി. പുതിയ ലിപി കൊണ്ടുണ്ടായ നഷ്ടം മലയാളഭാഷാക്ഷരങ്ങള്ക്കു് മാത്രം.
ഒരു വാക്കു് തന്നെ പല രീതിയില്‍ എഴുതുന്ന ശൈലി തുടങ്ങി. സംവൃതോകാരം ഇല്ലാതായി. കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു് എഴുതി ഇടയില്‍ ആദ്യമൊക്കെ വടിയും പിന്നീടു് ചന്ദ്രക്കലയും ഇട്ടു് വ്യവസ്തിതി ഇല്ലാതായി. ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു, പകരം വ്യഞ്ജനത്തിനു് ശേഷം ചന്ദ്രക്കല ഇട്ടു തുടങ്ങി. ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അതിനു ശേഷം വരുന്ന വ്യഞ്ജനം ഇരട്ടിപ്പിക്കുന്ന രീതി മാറി. ചന്ദ്രക്കലയുടെ മുമ്പേ വ്യഞ്ജനത്തോടു് ചേര്‍ത്തു് ഉകാരം ഉപയോഗിക്കുന്ന രീതി ഇല്ലാതായി. വായ്മൊഴിക്കു് വിപരീതമായി വരമൊഴിയില്‍ ഋകാരം വ്യഞ്ജനാക്ഷരം എഴുതുന്നതിനു് മുമ്പേ എഴുതണം എന്നായി. ചില അക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു് ഉദാഃ ഋ,. വ്യഞ്ജനത്തിനു് സ്വരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ചേര്‍ത്തെഴുതുന്നതിനു പകരം ഉകാരത്തിനും ഊകാരത്തിനും (ഊന്നു)വടി നല്കി അതിന്റെ അടിയില്‍ പൂജ്യവും ഇരട്ട പൂജ്യവും ഇട്ടു തുടങ്ങി
1971നു് മുമ്പു് പ്രാധമിക വിദ്യാഭ്യാസം നേടിയവരെ ഈ പരിഷ്ക്കാരം അത്രകണ്ടു് ബാധിച്ചില്ലെങ്കിലും 1971നു് ശേഷം സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ സങ്കരലിപിപ്രയോഗികളും 1971നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു് 1981നു ശേഷം സ്ക്കൂള്‍പഠനം പൂര്‍ത്തിയാക്കിയവര്‍ പൂര്‍ണ്ണമായും പുതിയ ലിപിപ്രയോഗികളും ആയി പരിണമിച്ചു. അങ്ങനെ മൂന്നു തരം മലയാളവാദികള് ഉണ്ടായി. ആദ്യത്തെ കൂട്ടര് അക്ഷരങ്ങളുടെ എണ്ണമല്ല രൂപവൈരുദ്ധ്യമാണു് നല്ലതെന്നതിനാല്‍ പഴയ ലിപിക്കു് വേണ്ടിയും മൂന്നാമത്തെ കൂട്ടര് രൂപമല്ല അക്ഷരങ്ങളുടെ എണ്ണക്കുറവു് ആണു് നല്ലതെന്നു തോന്നുകയാല്‍ പുതിയ ലിപിക്കു് വേണ്ടിയും നില കൊണ്ടു. രണ്ടാമത്തെ കൂട്ടരാകട്ടെ ആശയക്കുഴപ്പത്തിലും.
കാലം കടന്നു പോയി. ഇവരില്‍ ചിലര്‍ മലയാളഭാഷാപ്രയോഗം ധാരാളം ഉള്ള മേഖലകളിലും മലയാളഭാഷയുടെ പോഷകസ്ഥാപനങ്ങളിലും മറ്റു ചിലര്‍ മലയാളം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ മേഖലയിലും ജോലി തേടിയും അല്ലാതെയും എത്തി. രണ്ടു കൂട്ടരും അവരുടെ ദൈനംദിന ആശയവിനിമത്തിനായി കംപ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചു തുടങ്ങി. ഇംഗ്ലീഷു് കീബോര്‍ഡു് റ്റൈപ്പിംഗില്‍ നല്ല വേഗതയുള്ളവര്ക്കു് മംഗ്ലീഷു് റ്റൈപ്പു് ചെയ്തു് മലയാളാക്ഷരങ്ങള്‍ കിട്ടുന്ന ട്രാന്‍സ്ലിറ്ററേഷന്‍ സമ്പ്രദായം ഒരു സൗകര്യം ആയി. ശാസ്ത്രം വളര്‍ന്നപ്പോള്‍ മലയാളം നേരിട്ടു് റ്റൈപ്പു് ചെയ്യാവുന്ന രീതിയും പഴയതും പുതിയതും ഏതു വേണമെങ്കിലും ആവശ്യാനുസരണം ഉപയാഗിക്കാം എന്നതും സാദ്ധ്യമായി. തുടക്കത്തില്‍ ആക്സി ഫോണ്ടും പില്ക്കാലത്തു് അതിനെ പിന്തള്ളിക്കൊണ്ടു് യൂണിക്കോഡു് ഫോണ്ടും വന്നതോടുകൂടി മലയാളം നേരിട്ടു് റ്റൈപ്പു് ചെയ്യാം എന്ന രീതി വന്നു. റെണ്ടറിംഗു് എഞ്ചിനിന്റെ പ്രവര്‍ത്തനം മൂലം ഏതു തരം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും എന്നായി. ഈ വിവരം അറിയാതെ പലരും ഇന്നും പുതിയ ലിപിക്കു് വേണ്ടി വാദിക്കുന്നു. ലോകത്തുള്ള സര്‍വ്വ ഭാഷകളും ഇന്ത്യയിലെ വിവിധ ഭാഷകളും യൂണിക്കോഡു് സമ്പ്രദായത്തില്‍ സര്‍ച്ചു് മഷീനുകള്ക്കു് തിരിച്ചറിയാന്‍ പറ്റും വിധം ക്രമീകരിക്കുന്ന രീതി ഒരു വമ്പിച്ച കുതിച്ചു ചാട്ടത്തിനു് വഴിയൊരുക്കിയ വിവരം സര്‍വ്വരും അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു.
ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും പര്യാപ്തമായ അക്ഷരക്കൂട്ടവുമായി യൂണിക്കോഡു് വളരുമ്പോഴും താന്‍ പഠിച്ച പുതിയ ലിപി തന്നെ ഇനിയും തുടര്‍ന്നു ഉപയോഗിച്ചാല്‍ മതി എന്നു ശാഠ്യം പിടിക്കേണ്ടതുണ്ടോ? പുതിയ ലിപി എന്നതു് തനതായ മലയാള ലിപി അല്ല എന്നും അതു് അച്ചടിഭാഷയ്ക്കു വേണ്ടി മാത്രം മാറ്റം വരുത്തിയ അക്ഷരക്കൂട്ടങ്ങളാണെന്നും അതിനു മുമ്പു് നിലവിലുണ്ടായിരുന്ന വരമൊഴിയാണു് യദ്ധാര്‍ത്ഥ മലയാളം എന്നുമുള്ള തിരിച്ചറിവു് വരാത്തിടത്തോളം കാലം വിവാദങ്ങള്‍ കെട്ടടങ്ങില്ല.
ചുരുക്കിപ്പറഞ്ഞാല്‍ തനതായ മലയാളത്തിനു വേണ്ടി വാദിക്കാന്‍ യൂണിക്കോഡു് കണ്‍സോര്‍ഷ്യത്തിലെ സായിപ്പല്ലാതെ വേണ്ട സമയത്തു് വേണ്ട ഇടത്തു് അറിയാവുന്നവന് വേണ്ടുവോളം ഉണ്ടാകും കാലം വരെ നമ്മള് കാത്തിരിക്കേണ്ടി വരും. തനതായ മലയാളം എന്താണെന്നു് അറിയാത്ത മലയാളികള്‍ തന്നെ ആണു് പഴയ ലിപിയെ തള്ളിപ്പറയുന്നതു്.
തങ്ങള്‍ക്കു് ലഭിക്കുന്ന വിവരങ്ങളും വിവരക്കേടുകളും വിശകലനം ചെയ്തു് ഏതൊരു ഭാഷയ്ക്കും ഉചിതമായവ മാത്രം സ്വീകരിച്ചു് അല്ലാത്തവ തിരസ്ക്കരിച്ചു് തീരുമാനം നടപ്പിലാക്കുന്ന യൂണിക്കോഡു് കണ്‍സോര്‍ഷ്യത്തിലെ ഗുണ്ടര്‍ട്ടു് സായിപ്പിന്റെ പിന്‍ഗാമികള്‍ കംപ്യൂട്ടര്‍ യുഗത്തില്‍ മലയളാത്തിനു നല്കുന്ന സംഭാവനകള്‍ സ്തുത്യര്ഹമാണെന്നു പറയാതെ വയ്യ.
.
സര്,
ReplyDelete3 - ാമത്തെ വരിയിലെ അക്ഷരങ്ങളില്‍ "ല്‍ - ഉം രേഫം - ഉം" മനസ്സിലായി. എന്നാല്‍ മറ്റുള്ളവ എന്താണ്? അവയുടെ ഉപയോഗം എന്താണ്? പറയാമോ.
വളരെ നന്ദി.
@Unknown
ReplyDelete൰പത്തു്, ൱നൂറു്, ൲ആയിരം, ൳കാല്, ൴അര, ൵മുക്കാല്,൹തീയതി എഴുതുമ്പോള്‍ നു എന്നു ചേര്‍ക്കാന്‍
@Unknown
ReplyDeleteഩനനവു് എന്ന വാക്കിലെ രണ്ടാമത്തെ ന, ഺഇരട്ടിപ്പില്ലാത്ത റ്റ
സര്, വിന്‍ഡോസ് എക്സ് പിയാണു് ഞാന്‍ ഉപയോഗിക്കുന്നതു്. ഒരു വര്‍ഷമായി മലയാളം ടൈപ്പിംഗ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഇന്സ്റ്റാല് ചെയ്തതിനു ശേഷം ചെയ്യുന്നുണ്ടു്. രചന, മീര, സുറുമ, അഞ്ജലി ഓള്‍ഡ് ലിപി എന്നിങ്ങനെയുള്ള ഫോണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടു്. എന്നാല്‍ ഇപ്പോള്‍ രണ്ടു ദിവസമായി ചില്ലക്ഷരങ്ങള്‍ രൂപപ്പെടുന്നില്ല. എന്താണു് സര് പ്റശ്നം
ReplyDelete